Monday 19 December 2011

വൈദ്യുതി ട്രാന്‍സ്മിഷന്‍ അഥവാ പ്രസരണം

വൈദ്യുതോത്പാദന രംഗത്ത്‌ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് ഒരിടത്ത് ഉണ്ടാക്കുന്ന വൈദ്യുതി മറ്റിടങ്ങളിലേക്ക് പ്രസരണം ചെയ്തു എത്തിക്കുക എന്നത് ..ഏറ്റവും കൂടുതല്‍ വൈദ്യുത നഷ്ടം ഉണ്ടാകുന്നതും ഈ ഘട്ടത്തില്‍ ആണ് ..ഈ ഘട്ടത്തില്‍ ഉപയോഗിക്കുന്ന വിവിധ ഘടകങ്ങളെപ്പറ്റി  നമ്മള്‍ക്ക് ഒന്ന് നോക്കാം ..

ട്രാന്‍സ്മിഷന്‍ ലൈന്‍സ്‌ 


ഒരല്‍പ്പം സയന്‍സ് പറയാം ..പണ്ട് ചെറിയ ക്ലാസില്‍ പഠിച്ചിട്ടുള്ളത് തന്നെയാണ് ..
വൈദ്യുതി കടത്തി വിടുന്ന കണ്ടക്റ്റര്‍ അഥവാ ചാലകം ട്രാന്‍സ്മിഷനില്‍ ഒരു പ്രധാന ഘടകം ആണ്.ഒരു ചാലകത്തിലൂടെ വൈദ്യുതി കടന്നു പോകുന്നതിനു ആ ചാലകം സൃഷ്ടിക്കുന്ന തടസ്സമാണ് പ്രധിരോധം അഥവാ രെസിസ്സ്ടന്‍സ്. ഈ പ്രതിരോധം കൂടുമ്പോള്‍ പ്രസരണ നഷ്ടം കൂടുന്നു.രെസിസ്സ്ടന്‍സ് പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു .

ഒന്ന് - ചാലകത്തിന്റെ സ്വാഭാവം 

 മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടിക അനുസരിച്ചാണ് ഇത് നിര്‍ണ്ണയിക്കുന്നത് .ഏറ്റവും നല്ല ചാലകം ആയി കണക്കാക്കപ്പെടുന്നത് വെള്ളിയാണ് . വെള്ളി കൊണ്ട് ചാലകം ഉണ്ടാക്കുക പ്രായോഗികം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.പൊതുവേ അംഗീകരിച്ചിട്ടുള്ള ഒരു നല്ല ചാലകമാണ് കോപ്പര്‍ അഥവാ ചെമ്പ് .നമ്മുടെ ഗാര്‍ഹിക വയറിങ്ങുകള്‍ക്ക് കോപ്പര്‍ വയറുകള്‍ ആണല്ലോ ഉപയോഗിക്കുന്നത് . എന്നാല്‍ ദീര്‍ഘ ദൂര ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്ക് നമ്മുടെ നാട്ടില്‍ അലുമിനിയം കമ്പികള്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത് .ദുബായ്‌ പോലുള്ള സ്ഥലങ്ങളില്‍ 400KV ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്ക് വലിയ ടവര്‍ ലൈനുകളില്‍ വലിച്ചു കെട്ടിയ അലുമിനിയം കമ്പികളും 132KV ട്രാന്‍സ്മിഷന് കോപ്പര്‍ കേബിളുകളും ആണ് ഉപയോഗിക്കുന്നത് .










400KV ട്രാന്‍സ്മിഷന്‍ ലൈനുകള്‍ -ചിത്രങ്ങള്‍ ഹോഴ്സ് റൈസ്‌ ക്ലബ്‌ 400KV സബ്സ്റ്റേഷന്‍ -ദുബായ്‌ 


രണ്ടു - ചാലകത്തിന്റെ നീളം

ചാലകത്തിന്റെ നീളം കൂടും തോറും പ്രസരണ നഷ്ടം കൂടുന്നു.ഇടുക്കിയില്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ദൂരസ്ഥലങ്ങളില്‍ എത്തുമ്പോള്‍ വോള്‍ട്ടേജ് ക്ഷാമം അനുഭവപെടുന്നതിനു പ്രധാന കാരണം ഇതാണ് .

മൂന്ന് - ചാലകത്തിന്റെ കനം ..

കനം കൂടും തോറും പ്രധിരോധം കുറയും ..എന്നിരുന്നാലും ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ ഒരു പരിധിവിട്ട് കനം കൂട്ടുന്നത്‌ പ്രായോഗികമല്ല ..പക്ഷെ ട്രാന്‍സ്മിഷന്‍ കേബിളുകളില്‍ കണ്ടക്ക്ടരുകളുടെ കനം കൂട്ടി ഉപയോഗിക്കാറുണ്ട് .

ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ നിന്ന് വരുന്ന വൈദ്യതി കണക്റ്റ്‌ ചെയ്യുന്നത് സബ്സ്റ്റെഷ്ണുകളിലേക്ക് ആണ് .



ട്രാന്‍സ്മിഷന്‍ ലൈനുകളില്‍ നിന്ന് വൈദ്യുതി ബുഷിംഗ് കള്‍ വഴി സ്വീകരിച്ചു ബസ്‌ ഡകറ്റ് എന്ന് അറിയപ്പെടുന്ന ഇന്സുലെട്ടിംഗ് ഗ്യാസ്‌ നിറച്ച നടുക്ക് കണ്ടക്റ്റര്‍ റോഡുകള്‍ ഉള്ള  പൈപ്പുകള്‍ വഴി സബ്സ്റ്റെഷ്നുകളിലെ സ്വിച് ഗിയരുകളിലേക്ക് എത്തിക്കുന്നു .


ബുഷിംഗ് കള്‍ മുകളില്‍ കാണാം 




ബസ്‌ ഡക്ട്ടുകള്‍





ബുഷിംഗ് കളും ബസ്‌ ഡക്ട്ടുകളും



400KV ഗ്യാസ്‌ ഇന്സുലെറ്റഡ് സ്വിച്ച് ഗിയര്‍ 



സബ് സ്റ്റേഷനുകളെ  കുറിച്ചും സ്വിച്ച് ഗിയരുകളെക്കുറിച്ചും വിശദമായി അടുത്ത പോസ്റ്റില്‍ പ്രതിപാദിക്കാം . 




Wednesday 20 July 2011

വൈദ്യതി - കാണാപ്പുറങ്ങള്‍

ഗൂഗിള്‍ ബസ്സുകളില്‍ വന്ന ചില സംശയ പോസ്റ്റുകള്‍ ആണ് ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതാന്‍ പ്രേരണ ആയത്.ഞാന്‍ ആധികാരികമായി എഴുതാന്‍ അത്ര അറിവുള്ള ഒരാളൊന്നുമല്ല.എങ്കിലും നാലഞ്ചു വര്‍ഷമായി വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യുന്നത് കൊണ്ട് അല്‍പ്പം എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം.തെറ്റ് കണ്ടാല്‍ തിരുത്താന്‍ അപേക്ഷിക്കുന്നു.


വൈദ്യുതി വിവിധ ഘട്ടങ്ങള്‍


ആമുഖമെന്ന നിലയ്ക്ക് വൈദ്യുതിയുടെ ചില ഘട്ടങ്ങളിലൂടെ ലഘുവായി കടന്നു പോകാം .പ്രധാനമായും ഉത്പാദനം , പ്രസരണം , വിതരണം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് പരാമര്‍ശിക്കുന്നത്.


1.വൈദ്യുതോത്പാദനം


പ്രധാനമായും ജലവൈദ്യുത നിലയങ്ങളും താപ വൈദ്യുത നിലയങ്ങളും ആണ് പ്രധാനമായും വൈദ്യുതോത്പാദനത്തിനു ഉപയോഗിക്കുന്നത്.ജലവൈദ്യുത നിലയങ്ങള്‍ അഥവാ ഹൈഡ്രോ പവര്‍ സ്റ്റെഷന്‍സ്‌ നമുക്ക് വളരെ സുപരിചിതമാണല്ലോ.

ജലവൈദ്യുതപദ്ധതികളുടെ പ്രവര്‍ത്തനം താഴെ കാണിച്ചിരിക്കുന്ന ചിത്രത്തിലൂടെ മനസ്സിലാക്കാം .




താഴെ കാണുന്ന  ചിത്രത്തിലെ ഷാഫ്റ്റ് നോക്കിയാല്‍ മനസ്സിലാവും അത് തിരിക്കുന്നതിന് വേണ്ടി എത്രമാത്രം ഊര്‍ജ്ജമാണ് പെന്‍സ്റ്റോക്ക്‌ പൈപ്പുകള്‍ വഴി ഒഴുകി എത്തുന്ന ജലത്തില് അടങ്ങിയിരിക്കുന്നത് എന്ന് 



ഇനി നമുക്ക്  താപവൈദ്യുതനിലയങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം വൈദ്യുതനിലയങ്ങളുടെ എല്ലാം അടിസ്ഥാനപ്രവര്‍ത്തന തത്വം ഒന്നാണ്.ടര്‍ബൈന്‍ കറക്കാന്‍ ഉള്ള ഊര്‍ജ്ജത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ.ജലവൈദ്യുത പദ്ധതികളില്‍ സ്വാഭാവിക ജല സ്രോതസ്സുക്കള്‍ അണകെട്ടി പെന്‍സ്റ്റോക്ക്‌ പൈപ്പുകള്‍ വഴി  താഴേക്കു ഒഴുക്കുമ്പോള്‍ ഉണ്ടാകുന്ന ഗതികോര്‍ജ്ജം ഉപയോഗിച്ച് ടര്‍ബൈന്‍ കറക്കുന്നു എങ്കില്‍ താപ നിലയങ്ങളില്‍ നീരാവി ഉപയോഗിച്ച് ആണ് ടര്‍ബൈന്‍ കറക്കുന്നത്. ടര്‍ബൈന്‍ കറക്കിയതിനുശേഷം ഈ നീരാവി തണുപ്പിച്ചു ജലമാക്കി മാറ്റിയതിനുശേഷം വീണ്ടും നീരാവിയാക്കിമാറ്റി വീണ്ടും ഉപയോഗിക്കുന്നു .ജലം നീരാവിയാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ഇന്ധനത്തിനു അനുസരിച്ച് താപ വൈദ്യുത നിലയങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു .കൂടുതല്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് വൈദ്യുതിയുടെ പ്രസരണവും വിതരണവും ആയതിനാല്‍ ചിലതരം താപവൈദ്യുത നിലയങ്ങളെപ്പറ്റി ചെറുതായി മാത്രം പരാമര്‍ശിക്കാം .

ഫോസില്‍ ഇന്ധനങ്ങള്‍ ആയ കല്‍ക്കരി , ഡീസല്‍ , പ്രകൃതിവാതകം എന്നിവയാണ് പ്രധാനമായും താപവൈദ്യുതനിലയങ്ങളില്‍ ജലത്തെ നീരാവിയാക്കി മാറ്റാന്‍ ഉപയോഗിക്കുന്നത്,ഇതാ ഒരു ഉദാഹരണം ഇവിടെ കാണാം .



ന്യൂക്ലിയര്‍ പവര്‍ ആണ് താപവൈദ്യുതനിലയങ്ങള്‍ ഉപയോഗിക്കുന്ന മറ്റൊരു ഇന്ധനം . ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന താപം ഉപയോഗിച്ച് ജലത്തെ നീരാവിയാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത് .

ഇതാ പ്രവര്‍ത്തനം വിശദമാക്കുന്ന ഒരു ചിത്രം.





ഇത്രയും ആമുഖമായി പറഞ്ഞു എന്നെ ഉള്ളൂ..കൂടുതല്‍ വിശദമായി പറയാന്‍ ഉദ്ദേശിക്കുന്നത് പ്രസരണവും വിതരണവുമാണ് .അതിലാണല്ലോ കൂടുതലായി നമ്മുടെ ഇടപെടലുകള്‍ വരുന്നത് .അത് അടുത്ത ലക്കത്തില്‍

ചിത്രങ്ങള്‍ക്ക് താഴെയുള്ള സൈറ്റിനോട് കടപ്പാട്

http://www.howstuffworks.com/